പാനൂർ: ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽകവർച്ച. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾക്കായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ* മോഷണം പോയി.
ഇക്കഴിഞ്ഞ 10-നും 13-നും ഇടയിലുള്ള ദിവസങ്ങളിലാണ് കവർച്ച നടന്നതെന്നാണ് സ്കൂൾ അധികൃതരുടെ പരാതി. പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സ്റ്റോറേജ് റൂമിൽ ഇലക്ട്രിക് ജോലികൾക്കായി സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
11 റോൾ വയറുകൾ, ചെമ്പുകമ്പികൾ എന്നിവയാണ് മോഷണം പോയ പ്രധാന സാധനങ്ങൾ. മുഴുവൻ സാമഗ്രികൾക്കും ഏകദേശം 1 ലക്ഷം രൂപയുടെ മൂല്യം വരുമെന്ന് കണക്കാക്കുന്നു.
സംഭവത്തിൽ യെസ് അക്കാദമി വൈസ് ചെയർമാൻ കരിയാട്ടെ കെ.കെ. കുഞ്ഞബ്ദുള്ള പാനൂർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മോഷണം നടന്ന സമയത്ത് സംശയാസ്പദമായ സാഹചര്യത്തിൽ നാടോടി സ്ത്രീകളെ സ്കൂൾ പരിസരത്ത് കണ്ടതായി സൂചനയുണ്ടെന്നും പരാതിയിൽ പറയുന്നു. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Content Highlight: Theft at Panur Yes Academy Special School, Wiring Materials Worth Rs 1 Lakh Stolen













































